2009, നവംബർ 3, ചൊവ്വാഴ്ച

ഒന്നാം പടപ്പ് : ഗുരുവന്ദനം….

ബൂലോഗം അടക്കി വാഴുന്ന സകലമാന ബ്ലോഗന്മാർക്കും (ബ്ലോഗികൾക്കും) നമോവാകം.........

നാട്ടിലെ ജീവിതം അസഹനീയമായപ്പോൾ,
പരോപകാരികളുടെ സഹായം കൊണ്ട് നരകയാതന ഏറിയപ്പോൾ,
ചെങ്ങാതിക്കൂട്ടത്തിന്റെ കൈയിലെ ‘പാരകൾ‘ തീർന്നുപോകരുതല്ലോ എന്നു കരുതി മാത്രം ‘വലയിൽ‘ കയറിയ
ഒരു പാവത്താൻ......... ഈ ഞാൻ !!!

സ്ഥല-ജല ഭ്രമമുണ്ടായ ദുര്യോധനനെ പോലെ,
‘എന്തോ‘ കണ്ട ആലീസിനെപ്പോലെ,
വാ പിളർന്നു ‘വല’ നിരങ്ങി വഴി മറന്നൊരീനരൻ.....
ഒരു പാവത്താൻ......... ഈ ഞാൻ !!!

പീലി വിടർത്താത്ത ‘മെയിലുകളെ’ കണ്ട്...........
ലോകത്തെ വിഴുങ്ങുന്ന ‘വാർത്തകളെ’ കണ്ട്.........
വിളിക്കാതെ വരുന്ന ‘പോപ്പുകളെ’ കണ്ട്..........
വിളിപ്പുറത്തെത്തുന്ന ‘ഉരുക്കളെ’ കണ്ട്........
‘വല’യിൽ കീഴ്മേൽ തെക്കുവടക്കായി കിഴക്കോട്ടും പടിഞ്ഞാട്ടും തെണ്ടി നടന്നൂ......
ഒരു പാവത്താൻ......... ഈ ഞാൻ !!!

വെളിപാടിന്റെ മുഹൂർത്തത്തിൽ........
അവതാരലക്ഷ്യം കണ്ടെത്തി.......
‘ബ്ലോഗ്’വ്രിക്ഷത്തണലിൽ ശാന്തത തേടിയെത്തിയ അഭിനവ ബുദ്ധൻ........
ഒരു പാവത്താൻ......... ഈ ഞാൻ !!!

പ്രശാന്ത സ്വരൂപിയെന്നു നിനച്ച് ഈ അരുവിയിൽ ഇറ്റു ജീവജലം തേടി ഇറങ്ങിയോൻ........
ചുഴികളിൽ ചുറ്റി മലരികളിൽ മുങ്ങിനിവർന്നെത്തിയപ്പോൾ ഈ ബൂലോഗത്തിൽ ഒത്തിരി നീരാളികളെയും നീർക്കോലികളെയും നീർനായകളെയും നീർക്കാക്കകളെയും കണ്ട് ഞെട്ടിത്തരിച്ചുപോയ
ഒരു പാവത്താൻ......... ഈ ഞാൻ !!!

കണ്മിഴിച്ച ലോകത്തിൽ കണ്ടതെത്ര ജീവികൾ…..
വിചിത്ര ജീവികൾ…..
ഒന്നല്ല…. പത്തല്ല….. ഒരുനൂറായിരങ്ങൾ….

ഒരുനൂറു കണ്ണുള്ള ചിത്രകാരൻ……
ഇരുനൂറു നാവിന്റെ പോഴത്തരങൾ…..
കരിനാക്കു നീട്ടുന്ന വെരളിത്തരങ്ങൾ….
കൈതമുള്ളേറ്റുന്ന കൊടകരക്കാരൻ…….
ആദ്യാക്ഷരങ്ങളും തോന്ന്യാക്ഷരങ്ങളും….
ഒട്ടല്ലഹോ ‘ജീവി’ക്കോമരങ്ങൾ……

അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
ബ്ലോഗുന്ന ‘പാട്ടോളി’ …..
കഥ എന്തു കണ്ടൂ…….

വാൽകഷ്ണം: ശിശുസഹജമായ അവിവേകത്താൽ എന്തെങ്കിലും വിവരദോഷം ബ്ലോഗിപ്പോയിട്ടുണ്ടെങ്കിൽ ഗുരുകാർന്നോന്മാർ പൊറുത്തു മാപ്പാക്കണം !!!
കൊന്നു തിന്നരുത് !!!